ശ്രദ്ധിക്കൂ ! വാഹന മോഷണം തടയാം
മോഷണം പെരുകി വരുന്ന കാലമാണ്. വാഹനങ്ങളും മോഷ്ടിക്കപ്പെടാന്‍ സാധ്യതയേറെ. പലപ്പോഴും മോഷ്ടാക്കള്‍ക്ക് സഹായകമാകുന്നത് ഉടമയുടെ അല്ലെങ്കില്‍ ഡ്രൈവറുടെ അശ്രദ്ധയാണ്. പല വാഹനങ്ങളും മോഷണം തടയാന്‍ തക്ക സാങ്കേതികതയോടെയാണ് ഇറങ്ങുന്നത്. എന്നാല്‍ ഇവ ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല. ഒരല്‍പം ശ്രദ്ധയുണ്ടെങ്കില്‍ വാഹന മോഷണം ഒരു പരിധി വരെ തടയാന്‍ കഴിയും.
തിരക്കില്ലെങ്കില്‍ പോലും വാഹനം ഒരിടത്തും സ്റ്റാര്‍ട്ടാക്കി പാര്‍ക്കു ചെയ്ത് പോകരുത്. അടുത്തുള്ള കടയില്‍ പോകുകയാണെങ്കില്‍ കൂടി വാഹനം നിര്‍ത്തിയ ശേഷം മാത്രം പോകുക. താക്കോല്‍ കാറില്‍ ഉപേക്ഷിച്ചു പോവാതിരിക്കുക. പൂട്ടുള്ള ഗാരേജിലാണെങ്കിലും പോകുമ്പോള്‍ താക്കോല്‍ കൈവശം സൂക്ഷിക്കുന്നതാണ് നല്ലത്. വീടിനു മുന്നിലായാല്‍ പോലും കാറില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ വിന്‍ഡോ ഗ്ലാസുകള്‍ ഉയര്‍ത്തി, ഡോറുകള്‍ ലോക്കു ചെയ്‌തെന്ന് ഉറപ്പു വരുത്തണം. വിലപിടിപ്പുള്ള വസ്തുക്കള്‍ എല്ലാവര്‍ക്കും കാണുന്ന രീതിയില്‍ കാറില്‍ വച്ച് പോകാതിരിക്കുക.
സ്റ്റിയറിങ് വീലും ബ്രേക്കുകളും ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം സ്ഥാപിക്കുന്നത് നന്നായിരിക്കും. വാഹനത്തില്‍ ആന്റി തെഫ്റ്റ് ട്രാക്കിങ് സംവിധാനം സ്ഥാപിച്ചാല്‍ മോഷ്ടിക്കപ്പെട്ടാലും കണ്ടെത്താന്‍ എളുപ്പമായിരിക്കും. ആര്‍.സി. ബുക്ക് പോലുള്ളവ ഒരിക്കലും വാഹനത്തില്‍ സൂക്ഷിക്കരുത്. വാഹനത്തിന്റെ ഡോറുകളിലും വിന്‍ഡോകളിലും തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മോഷ്ടാക്കള്‍ക്ക് ഇവ അഴിച്ച് എളുപ്പം വില്‍ക്കാന്‍ കഴിയില്ല.